നിറയെ ഔഷധഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് പപ്പായ. മികച്ച ആന്റിബാക്ടീരിയലായും ആന്റിഫംഗലായും പപ്പായ നമ്മള്‍ ഉപയോഗിക്കാറുണ്ട്. പപ്പായയുടെ ഇല ഡെങ്കിപനിയ്ക്കുള്ള മരുന്നായും ഉപയോഗിക്കുന്നത് നാം കണ്ടു.
കഴിക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും പപ്പായ ഉപയോഗിക്കാറുണ്ട്. പക്ഷേ അപ്പോഴും അതിന്റെ ഗുണം ഓരോരുത്തരുടേയും ത്വക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും. എല്ലാ ഭക്ഷ്യവസ്തുക്കളെയും പോലെ പപ്പായ്ക്കുമുണ്ട് ഗുണങ്ങളും ദോഷങ്ങളും.
ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് നല്ലതല്ല എന്നു നമ്മള്‍ കേട്ടിട്ടുണ്ട്. എന്തുകൊണ്ട് എന്നു പോലും അന്വേഷിക്കാതെ നമ്മളത് അക്ഷരംപ്രതി അനുസരിക്കാറുമുണ്ട്. മറ്റെന്തൊക്കെയാണ് പപ്പായ വരുത്തിവയ്ക്കുന്ന പ്രശ്‌നങ്ങള്‍ എന്നു നോക്കാം.
എന്തും അമിതമായി കഴിക്കുന്നത് നല്ലതല്ല എന്നറിയാമല്ലോ, അതുപോലെ, നിങ്ങള്‍ക്ക് പപ്പായ ഇഷ്ടമാണെന്ന് കരുതി അത് വാരിവലിച്ച് കഴിക്കുന്നത് നല്ലതല്ല. ഒരു കപ്പില്‍ കൂടുതല്‍ പപ്പായ കഴിക്കുന്നത് നിങ്ങളുടെ അന്നനാളത്തിന് ദോഷം ചെയ്യും. ഒരു പപ്പായ മുഴുവനായൊന്നും ഒറ്റയിരിപ്പില്‍ കഴിക്കാന്‍ നിക്കരുതെന്ന് സാരം.
പപ്പായയുടെ ഇലയിലാണ് പാപെയ്ന്‍ എന്ന ഘടകം അടങ്ങിയിരിക്കുന്നത്. ഈ ഘടകം ശരീരത്തിനുള്ളില്‍ ചെല്ലുന്നത് നവജാതശിശുക്കള്‍ക്ക് ദോഷം ചെയ്യും. കുഞ്ഞിന്റെ വളര്‍ച്ചയെത്തന്നെ ഇത് സാരമായി ബാധിച്ചേക്കാം. ഇലയില്‍ ഉള്ളതുകൊണ്ടുതന്നെ പപ്പായയിലും ഈ ഘടകം ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.
അമ്മ പപ്പായ കഴിച്ചാല്‍ മുലപ്പാലിലൂടെ ഈ ഘടകം കുഞ്ഞിന്റെയുള്ളിലും എത്തിയേക്കാം. അതുകൊണ്ടുതന്നെ പ്രസവം കഴിഞ്ഞ ശേഷവും കുറച്ച് വര്‍ഷത്തേക്ക് പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതു തന്നെയാണ് നല്ലത്. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്ന കാലത്തോളം അമ്മമാര്‍ പപ്പായ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
പപ്പായയില്‍ അടങ്ങിയിട്ടുള്ള ലാറ്റെക്‌സ് എന്ന ഘടകമാണ് ചിലരില്‍ പപ്പായ കഴിക്കുമ്പോഴുള്ള അലര്‍ജിക്ക് കാരണമാകുന്നത്. വിളഞ്ഞു പാകമാകാത്ത പപ്പായ കഴിക്കുന്നത് ഈ അലര്‍ജി ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഈ അലര്‍ജി കണ്ടുവരുന്നവര്‍ പച്ചപപ്പായ കൊണ്ടുണ്ടാക്കുന്ന തോരനും മറ്റും ഒരു കാരണവശാലും കഴിക്കരുത്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പപ്പായ കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ പപ്പായ തീര്‍ത്തും ഒഴിവാക്കണം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബെന്‍സില്‍ ഐസോതിയോസിനേറ്റ് എന്ന ഘടകം ചില അവസരങ്ങളില്‍ ചിലരുടെ ശരീരത്തില്‍ വിഷത്തിന്റെ അംശവും ഉണ്ടാക്കുന്നു.


No comments:
Post a Comment