A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Sunday 11 June 2017

തേക്കിന്‍കാടുകള്‍ കടന്ന് ബാവലിയിലെത്തിയപ്പോള്‍ അവിടെ ആളും തിരക്കുമില്ല.മൈസൂര്‍ സിംഹം ടിപ്പുസുല്‍ത്താന്‍ കേരളത്തിലേക്ക് കടക്കാന്‍ നിര്‍മ്മിച്ച പാലം മാത്രം കാലത്തിനു സാക്ഷിയായുണ്ട്.വിശാലമായി നീട്ടിയ ശിഖരങ്ങളില്‍ നിന്നും നിലത്തേക്ക് വേരുകളാഴ്ത്തിയ അരയാല്‍ മരമാണ് ബാവലിക്ക് തണലേകുന്നത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ അതിര്‍ത്തി കവല ചാരായത്തില്‍ കുളിച്ചു നിന്നിരുന്നു.കേരളത്തില്‍ ചാരായ നിരോധനം വന്നതുമുതല്‍ കര്‍ണ്ണാടകയിലെ മൂലവെട്ടി എന്ന ചാരായത്തിനു വേണ്ടി മലയാളികള്‍ രാപ്പകള്‍ തമ്പടിച്ചിടരുന്ന സ്ഥലമാണിത്.ഒട്ടേറെ നാടന്‍ ബാറുകളുമായി മലയാളികള്‍ക്കായി ഇവിടെ കോടിക്കണക്കിന് രൂപയുടെ മദ്യക്കച്ചവടം നടന്ന സ്ഥലമാണിത്.മദ്യപിച്ച് ഉന്മത്തരായവര്‍ ഇവിടെയുള്ള വലിയ ആല്‍മരത്തിനടിയില്‍ കിടന്ന് നേരം വെളുപ്പിച്ചതും കൊലപാതകങ്ങളിലേക്ക് നീങ്ങിയ സംഘര്‍ഷങ്ങളൊക്കെ പഴയകഥ. പടിപടിയായി ഈ ഗ്രാമവും ഇപ്പോള്‍ സമ്പൂര്‍ണ്ണ ചാരായ നിരോധനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
രണ്ടു വര്‍ഷം മുമ്പാണ് അവസാന ബാറിനും ഇവിടെ പൂട്ടുവീണത്. വലിയ ആള്‍ക്കൂട്ടവുമായി തിങ്ങി ഞെരുങ്ങി നിന്ന ബാവലി അങ്ങാടി ഇപ്പോള്‍ സാധാരണ ജീവിതം നയിക്കുന്നു. കന്നുകാലികളും കര്‍ഷകരുമുള്ള ഒരു ചെറിയ ഗ്രാമത്തിന്റെ വിഹ്വലതകളെല്ലാം ഇവിടെക്കാണാം. കൊടും ചൂട് ഈ ഗ്രാമത്തിനെയും ഉറക്കത്തിലാഴ്ത്തുന്നു. അതിരാവിലെ തുറക്കുന്ന കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വെയില്‍ ചൂടാവുന്നതിന് മുമ്പ് തന്നെ വീട്ടിലേക്ക് മടങ്ങുന്ന കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം വഴിയിലുടനീളം കാണാം. മാസങ്ങളായി മഴയില്ലാത്ത കൃഷിയിടങ്ങള്‍ വരണ്ടു വിണ്ടുകീറിയിരിക്കുന്നു. പുല്‍നാമ്പുകള്‍ പോലും മുളക്കാത്ത പാറപോലെ ഉറച്ച വയലുകളിലൂടെ എല്ലും തോലുമായ കന്നുകാലി പറ്റങ്ങള്‍ തീറ്റതേടി മേഞ്ഞു നടക്കുന്നു. ടാറിട്ട റോഡുകള്‍ പിന്നിട്ട വരണ്ട ചെമ്മണ്‍പാതകളിലേക്ക് യാത്ര നീളുമ്പോള്‍ നാട് കന്നഡയും മലയാളവുമായി അതിര്‍ത്തി പങ്കിട്ട് വിഭജിച്ച് പോയി.വ്യത്യസ്ത ജീവിത സംസ്‌കാരങ്ങള്‍ ഇഴപരിയുന്നവര്‍ക്കിടയില്‍ മലയാളവും കന്നഡയും ഒരു പോലെ സംസാരിക്കേണ്ടി വരുന്നവരുടെ നാടുകൂടിയാണിത്. ഊരുകളിലേക്കെല്ലാം വഴി ചോദിച്ചെത്തുന്നവര്‍ക്ക് ഇവര്‍ വഴികാട്ടാനുണ്ടാകും.അവരുടെ പുല്ലമേഞ്ഞതും ഇറതാണതുമായ സങ്കേതങ്ങള്‍ക്കരികിലൂടെ അതിര്‍ത്തി ഗ്രാമത്തെ അടുത്തറിയാന്‍ യാത്രപോകാം.
വരണ്ട ഗ്രാമക്കാഴ്ചകള്‍
വേനല്‍ കനത്ത കബനിയുടെ തീരദേശത്തേക്ക് എത്തുമ്പോള്‍ നട്ടുച്ച.മെലിഞ്ഞുണങ്ങിയ കബനി പുഴ ചുവന്ന് തുടുത്തിരിക്കുന്നു.ഇടക്കിടക്ക് പാറക്കെട്ടുകളിലെ കുഴികളില്‍ തങ്ങിനില്‍ക്കുന്ന ജലം വെള്ളിപാത്രങ്ങള്‍ പോലെ അകലെ വെട്ടിത്തിളങ്ങുന്നു. കനത്ത ചൂടിന്റെ പാരവശ്യത്തിലാണ് നാടും തീരദേശവുമെല്ലാം.കബനിയുടെ അക്കരെ നിന്നും കേരളക്കരയിലേക്ക് നടന്നുകടക്കമെന്ന വിധത്തിലാണ് നദി ചുരങ്ങിയിരിക്കുന്നത്.മഴക്കാലത്ത് മറുകരയില്‍ നോട്ടമെത്താത്തവിധം പരന്നൊഴുകുന്ന നദിയുടെ വേനല്‍ക്കാല കാഴ്ച അതിഭീകരം തന്നെ.കേരളത്തിലെ കിഴക്കിന്റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ ഈ കബനിയാണ് കന്നഡനാടിന്റെ വരദാനം.മഴക്കാലത്ത് ജവന്‍ വിണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങള്‍ മഴയില്ലാത്ത കര്‍ണ്ണാടക ഗ്രാമങ്ങളില്‍ വര്‍ഷം മുഴവന്‍ നനവെത്തിക്കുന്നു.അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റന്‍ ജലസംഭരണിയില്‍ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു.ഇപ്പുറത്താകട്ടെ വേനല്‍ വരുമ്പോഴേക്കും വെള്ളത്തിനുവേണ്ടി അലയുന്നവരുടെ അലമുറകള്‍ തുടങ്ങുന്നു.കബനിക്ക് കുറുകെ സിമന്റു ചാക്കുകളില്‍ മണല്‍ നിറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ജനകീയ തടയണ തീര്‍ത്തത് മാത്രമാണ് ഇതിനിടയില്‍ ആശ്വാസം.കണ്‍മുന്നില്‍ കബനിയുള്ളപ്പോഴും കുടിവെള്ളം തേടി അലഞ്ഞുപോകുന്ന ആദിവാസികളടക്കമുള്ള ചിത്രങ്ങള്‍ ഈ ഗ്രാമത്തിന്റെ നൊമ്പരമാണ്.


കബനിക്കരയില്‍ വേനല്‍ക്കാലം വറുതിയുടെതാണ്.വിശാലമായ നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താല്‍ ഇവയെല്ലാം തരിശായിക്കിടക്കുന്നു.കാര്‍ഷിക സമ്പദ്‌വ്യവസ്ഥ നട്ടെല്ലെന്നാണ് പറയുന്ന മലയാള നാടിന്റെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണിതെന്ന് ഇവിടെയെത്തുന്ന ആര്‍ക്കും ബോധ്യപ്പെടും.മണ്ണില്‍ പണിയെടുത്താല്‍ പൊന്നു വിളയും പറഞ്ഞിട്ടെന്താ വെള്ളമില്ലലോ എന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്. വെള്ളം കുറഞ്ഞതോടെ കടത്തുതോണികള്‍ക്ക് പണിയില്ലാതായിരിക്കുന്നു. കബനികടന്ന് ബൈരക്കുപ്പയിലെത്തിമ്പോള്‍ ഭൂമി വറചട്ടിയിലിട്ടതുപോലെ ചുട്ടുപൊളളുന്നു.ബൈരക്കുപ്പയ്ക്ക് എന്നും കുപ്രസിദ്ധമായ ഒരു വിലാസമുണ്ട്.കഞ്ചാവിന്റെയും ചൂതാട്ടത്തിന്റെയും ചെറുഗ്രാമമാണിത്.മലയാളികള്‍ തന്നെയാണ് ഈ കന്നഡ ഗ്രാമത്തിന്റെയും ഈ വിലാസത്തിലേക്ക് തള്ളിവിട്ടത്.തോണികടന്ന് ഇവിടെ ഇടതടവില്ലാതെ എത്തുന്നവര്‍ ഇവിടെ ചൂതാട്ടത്തിനായി തമ്പടിക്കുന്നു.


കൈയ്യിലുള്ളതെല്ലാം പണയപ്പെടുത്തി സര്‍വതും ഈ മണ്ണില്‍ നഷ്ടപ്പെടുത്തിയവരും ഇവിടെ നിന്നും കൈനിറയെ വാരിവന്നവരും അനേകമുണ്ട്.പുറമെനിന്നും ആരെത്തിയാലും സംശയദൃഷ്ടിയോടെ നോക്കി വിലയിരുത്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് താവളത്തിലെത്തിക്കാനും ഇവിടെ ആളുകളുണ്ട്.മദ്യ നിരോധനം ഈ ഗ്രാമത്തിലും ഇപ്പോള്‍ കുറച്ച് സമാധാനന്തരീക്ഷം കൊണ്ടുവന്നിട്ടുണ്ട്.എന്നാല്‍ കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും വലിയ കുറവുകളില്ല.ഇവിടെ നിന്നും നീണ്ടുപോകുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ അല്‍പ്പ ദൂരം സഞ്ചരിച്ചാല്‍ പിന്നെ ഭാഷയെല്ലാം കന്നഡമാത്രമായി മാറി.മലയാളത്തില്‍ ചോദിച്ചാല്‍ കന്നഡയില്‍ ഉത്തരം.
കാടിന്റെ നിലവിളികള്‍
ആകാശത്തേക്ക് ഉണങ്ങിയ ശിഖരങ്ങള്‍ നീട്ടി വിലപിക്കുന്ന കൂറ്റന്‍ മരങ്ങള്‍ മാത്രം കാടിന്റെ കാഴ്ചകളായി.ചെറിയൊരു തണലെങ്കിലും കിട്ടാന്‍ പച്ചിലചാര്‍ത്തുകള്‍ തെല്ലുമില്ലാതെ വന്‍മരങ്ങളുടെ നിഴല്‍പറ്റി കുരങ്ങിന്‍ പറ്റങ്ങള്‍ ധാരാളമുണ്ട്.സദാസമയം വന്യജീവികള്‍ കാഴ്ചയില്‍പ്പെടുന്ന കര്‍ണ്ണാടക വനത്തില്‍ ഇവയെ ഒന്നും കാണാനേയില്ല.ഒരു തീപ്പൊരി വീണാല്‍ ചാമ്പലായിപ്പോയേക്കാവുന്ന കാടിന്റെ നരച്ച കാഴ്ചകള്‍ ആരെയും വേദനിപ്പിക്കും.കാട്ടാനകള്‍ ദാഹജലത്തിനും വിശപ്പടക്കാനിമായി മറ്റേതോ കാടിന്റെ തീരം തേടിപ്പോയി.നാഷണല്‍ ടൈഗര്‍ റിസര്‍വ് എന്നെഴുതിയ കൂറ്റന്‍ കമാനങ്ങള്‍ കടന്ന ്ഗ്രാമ പാതകള്‍ പിന്നിട്ട് യാത്ര തുടങ്ങിയപ്പോള്‍ ചൂടിന് കാഠിന്യമേറി വന്നു.എതിര്‍ ദിശയില്‍ നിന്നും വാഹനങ്ങള്‍ നന്നേ കുറഞ്ഞു.മൈസൂരില്‍ നിന്നും ഹാന്‍ഡ് പോസ്റ്റ് വഴി ഈ വേനലിന്റെ മൂര്‍ദ്ധന്യത്തില്‍ കാടു കടന്ന് വരുന്നവര്‍ പോലും ചുരുക്കമാണ്.പൊതുവേ വീതി കുറഞ്ഞതെങ്കിലും ഈ വഴിക്കുള്ള ഇടവിട്ടുള്ള ഹമ്പുകള്‍ യാത്രക്കാരെ അലോസരപ്പെടുത്തുന്നുണ്ട്.ആനകളും മറ്റും റോഡിലുണ്ടെങ്കില്‍ ഒന്നു വാഹനം തിരിച്ചുവിടാനുള്ള സൗകര്യം പോലുമില്ലാത്തതിനാല്‍ അപകടം സുനിശ്ചിതം.ഇതായിരിക്കാം ഈ വേനല്‍ക്കാല പകലില്‍ ഇതുവഴിയുള്ള സഞ്ചാര മാര്‍ഗ്ഗം പലരും ഉപേക്ഷിച്ചത്.
നൂലുപിടിച്ചതുപോലെ നീളുന്ന റോഡുകളെ പിന്നിട്ട് നേരെ മുന്നോട്ടുപോകുമ്പോള്‍ വഴിയരകില്‍ ചില പോയിന്റുകളില്‍ ചെറിയ തണലൊരുക്കി കര്‍ണ്ണാടക വനം വാച്ചര്‍മാര്‍ കാട് നിരീക്ഷിക്കുന്നുണ്ട്.വാഹനങ്ങള്‍ കാടിനുള്ളില്‍ നിര്‍ത്തുന്നതിനും മറ്റും കര്‍ശന വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള സൂചനബോര്‍ഡുകള്‍ ഇടവിട്ട് സ്ഥാപിച്ചിട്ടുണ്ട്.കേരളത്തിലെതിനേക്കാള്‍ പത്തിരട്ടി തീവ്രതയാണ് ഇവിടെ വനനിയമങ്ങള്‍ക്കുള്ളത്.വനത്തിനുള്ളില്‍ അപരിചിതരെ കണ്ടാല്‍ മുട്ടിന് താഴെ വെടിവെക്കാന്‍ പോലും ഉത്തരവുണ്ട്.ശിക്ഷാ നിയമങ്ങളെക്കുറിച്ച് നന്നായി അിറയുന്നതുകൊണ്ടാകാം പിന്നിലെ വന്ന വാാഹനങ്ങളൊക്കെ നിയമങ്ങളനുസരിച്ച് തന്നെയാണ് യാത്ര.മൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുന്നതും കല്ലെറിയുന്നതുമൊക്കെ അങ്ങ് കേരളത്തില്‍ നടക്കും.ഇവിടെ മുട്ടിന് മുട്ടിന് ക്യാമറ സ്ഥാപിച്ച് വാഹനങ്ങളെയും യാത്രക്കാരെയുമെല്ലാം കണ്ണുതെറ്റാതെ നിരീക്ഷിക്കാന്‍ ആളുകളുണ്ട്.


നാഷണല്‍ പാര്‍ക്കാണെങ്കിലും വേനല്‍ക്കാലത്തെ വരള്‍ച്ച നേരിടാന്‍ ഇവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല.കുളങ്ങളും മറ്റും നിര്‍മ്മിച്ച് മഴക്കാലത്ത് ആവുന്നത്ര ജലം ശേഖരിച്ചിട്ടും മുടങ്ങാതെയെത്തുന്ന കെ#ാടിയ വരള്‍ച്ച ഈ കാടിനെ തളര്‍ത്തിക്കളയുന്നു.വേനല്‍ തുടങ്ങിയാല്‍ പിന്നെ ഇവിടെയുള്ള വന്യമൃഗങ്ങളെല്ലാം കിലോമീറ്ററുകള്‍ പിന്നിട്ട് അതിര്‍ത്തി കടന്ന് പൊതുവെ പച്ചപ്പുകളും തണുപ്പും പേരിനുള്ള വയനാട് വന്യജീവി സങ്കേതത്തിലെത്തും.ഇവിടെനിന്നും കൃഷിയിടത്തിലേക്ക് പിന്നീട് ഇവരുടെ പാലായനവുമായി.അടിക്കാടുകള്‍ക്കിടയിലൂടെ ഫയര്‍ലൈന്‍ തെളിച്ചുട്ടുണ്ടെങ്കിലും വലിയ അഗ്നിഗോളങ്ങള്‍ വന്നാല്‍ ഇവയെല്ലാം വെണ്ണീറാവാന്‍ മണിക്കൂറുകള്‍ മതി.പിന്നീട് ചാരം മൂടിയ കാടിന്റെ കാഴ്ചകള്‍ ഹൃദയഭേദകമാണ്.
ബെള്ള പാപ്പാന്‍മാരുടെയും ഗ്രാമം
പതിനാല് കിലോമീറ്ററോളം കാടിനുള്ളിലൂടെ സഞ്ചരിച്ചെത്തുമ്പോള്‍ ഇടയില്‍ ഒരു മനുഷ്യസങ്കേതം കാണാം.പച്ച പെയിന്റിടിച്ച മുപ്പതോളം ചെറിയ വീടുകള്‍.ഒരു ചെക്ക് പോസ്റ്റുമുണ്ടിവിടെ.ഇതാണ് ബെള്ളയെന്ന ആനസങ്കേതം.വൈകീട്ട് മൂന്നുമണിയായതോടെ കാട് ചുറ്റി ദാഹിച്ചെത്തിയ ആനകള്‍ കുഴല്‍ക്കിണറില്‍ നിന്നും വെള്ളം കുടിക്കാന്‍ വരിനില്‍ക്കുന്ന കാഴ്ച.കുറുമ്പുകാട്ടി കുട്ടിയാനകളും ഇവര്‍ക്കൊപ്പമുണ്ട്.കാട്ടാനകളെ തുരത്താനുള്ള പരിശീലനം ലഭിച്ച കുങ്കിയാനകളുടെ താവളമാണിത്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ സങ്കേതത്തെ കര്‍ണ്ണാടക വനംവകുപ്പ് ഇന്നും സംരക്ഷിക്കുന്നു.കാട്ടാനകളുടെയും പകുതി മെരുങ്ങിയ നാട്ടാനകളുടെയും കഥകളാണ് ഈ ഗ്രാമം പങ്കുവെക്കുന്നത്. വന്യജീവികളും മനുഷ്യരും നിതാന്ത ഏറ്റുമുട്ടലുകള്‍ വാര്‍ത്തയാവുന്ന കാലഘട്ടത്തില്‍ ഈ ഗ്രാമത്തിന്റെ സൗഹൃദം ശ്രദ്ധയാകര്‍ഷിക്കകയാണ്.പാപ്പാന്‍മാരും അവരുടെ കുടുംബങ്ങളും പരമ്പരാഗതമായി ഈ വന്യജീവിത ശൈലികളോട് പൊരുത്തപ്പെട്ടിട്ട് കാലങ്ങള്‍ ഏറെയായി.


ആധുനികതയുടെ കുതിച്ചുപായുന്ന ലോകത്തും ആനകളുടെ മനശാസ്ത്രം മാത്രമറിയുന്ന ഒരുപറ്റം മനുഷ്യരും അവരുടെ ജീവിതവും വരച്ചിടുന്നത് വന്യജീവിതത്തിന്റെ കാണാക്കാഴ്ചകളാണ്. കര്‍ണ്ണാടകയുടെ തെക്കേ അറ്റത്തായിവരും ബെളള ആനസങ്കേതം. മൈസൂര്‍ രാജവംശത്തിന്റെ കാട്ടാന പിടുത്ത താവളമായിരുന്നു ബെളള.പിന്നീടിത് ആനസങ്കേതമായി മാറി. കാട്ടാനകളെ മെരുക്കി നാട്ടാനകളാക്കുന്നതിനായി തിരക്കിലായിരുന്നു ഇവിടം ഒരുകാലം.


പ്രതാപകാലത്ത് നൂറിലധികം താപ്പാനകളുടെ താവളമായിരുന്നു ബെളള ആനക്യാമ്പ്.ഇന്ന് നാലുകുട്ടികളടക്കം പതിനാല് ആനകള്‍ ഇവിടയെുണ്ട്.അന്‍പതുകാരനായ രാജയും കുമാരസ്വാമിയും അര്‍ജുനനും സാരഥിയുമൊക്കെ ഈ ഗ്രാമത്തിന്റെ അരുമകളാണ്.നേരമിരുട്ടുന്നത് വരെ കാടിനുളളില്‍ അലഞ്ഞു തിരിഞ്ഞ് ക്യാമ്പിലെത്തി മുത്താറിയും റാഗിയമെല്ലാം കഴിച്ചാണ് കാടിനുളളില്‍ ഇവരുടെ അന്തിയുറക്കം.പതിനൊന്ന് ഒന്നാം പാപ്പാന്‍മാരടക്കം മുപ്പത് പേരുണ്ട് ഇവിടെ ആനകളെ നോക്കാന്‍. കാട്ടുനായ്ക്കരുടെ അന്‍പത് കുടുംബങ്ങളും ബെളള ആനസങ്കേതത്തിന്റെ തണലില്‍ കഴിയുന്നു.

മൈസുരിലെ ദസറ ആഘോഷത്തിന് രാജാവിന്റെ തിടമ്പ് എഴുന്നളളത്തിനും ഇവിടുത്തെ ആനകള്‍ക്ക് നിയോഗമുണ്ട്. രാജഭരണത്തിന്റെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നതിനായി കര്‍ണ്ണാക വനം വകുപ്പ് ഈ ആന സങ്കേതത്തെ ഇന്നും പരിപാലിക്കുന്നു.സഞ്ചാരികളുടെ പ്രീയ വിനോദ കേന്ദ്രം കൂടിയാണിത്.
കുട്ടി പാപ്പാന്‍മാരും ഇവിടെ ധാരാളമുണ്ട്.പരിക്കേററ കാട്ടാനകളെ ചികിത്സിക്കുന്നതിനും പ്രശ്‌നക്കാരായ ആനകളെ തുരത്തുന്നതിനും ബെളളയിലെ താപ്പാനകളെയാണ് വനംവകുപ്പ് ഉപയോഗിക്കുന്നത്
ബ്രട്ടിഷ് ഭരണകാലത്ത് ഈ ആനപന്തിയില്‍ നിന്നും ഒട്ടേറേ കാട്ടാനകളെ നാട്ടാനകളാക്കി ഇണക്കിയെടുത്തിട്ടുണ്ട്.വാരിക്കുഴികള്‍ തീര്‍ത്ത് കാട്ടാകളെ കെണിയില്‍ വീഴ്ത്തി ഇണക്കിയെടുക്കുന്ന വൈദഗ്ദ്ധ്യത്തെ ക്കുറിച്ച് ഇവിടുത്തെ മുതിര്‍ന്ന പാപ്പാന്‍മാര്‍ പറയും.
മറുകര താണ്ടാന്‍ കൊട്ടത്തോണികള്‍


കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോള്‍ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം നാട്ടികഴിഞ്ഞു നില്‍ക്കുന്നു.തലയ്ക്ക് മുകളില്‍ കത്തുന്ന സൂര്യന്‍.പകലുമുഴുവന്‍ ചുടുകാറ്റ്.രാത്രിയിലും അത്യുഷ്ണം.ഒരു മരത്തിന്റെ പോലും തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ എന്നിട്ടും തൊഴിലാളികള്‍ക്ക് വിശ്രമമില്ല.ഇഞ്ചി കൃഷി വിത്തിറക്കലിന്റെയും ,പച്ചക്കറിയുടെ വിളവെടുപ്പിന്റെയും സമയമാണിത്.അതിരാവിലെ മുതല്‍ നേരമിരുട്ടുന്നതുവരെയും തൊഴിലാളികള്‍ കൃഷിയിടത്തിലുണ്ട്.ഉച്ചനേരം രണ്ടര മണിക്കൂര്‍ മാറിനില്‍ക്കുന്നതൊഴിച്ചാല്‍ ഈ വെയിലും ചൂടുമെല്ലാം ഏറ്റുവാങ്ങാന്‍ തന്നെ ഇവരുടെ നിയോഗം. വേനല്‍ ചുട്ടുപൊള്ളിക്കുന്നുണ്ടെങ്കിലും ഇവരുടെ കൃഷിയിടത്തില്‍ ജലവിതരണത്തിന് ഒട്ടും തടസ്സമില്ല.കബനിയിലൂടെ ഒരു മഴക്കാലം മുഴുവന്‍ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു.ബീച്ചിനഹള്ളി അണക്കെട്ടിന്റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനല്‍ക്കാലത്തും നിറയെ വെളളമുണ്ട്.ചിലയിടങ്ങളില്‍ ജലനിരപ്പ് താഴ്‌ന്നെങ്കിലും അഞ്ചുവര്‍ഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണര്‍ പറയുന്നത്.
അതാ അവിടെ കാണുന്ന സംഭരണിയാണ് ഞങ്ങളുടെ ആശ്രയം.ബീച്ചനഹള്ളി അണക്കെട്ടിന്റെ അനേകം തടാകത്തിലേക്ക് ഒന്നിലേക്ക് ചൂണ്ടി ഗ്രാമവാസി നാഗന്‍ പറഞ്ഞു.ജലാശയത്തിന്റെ കരയിലെത്തിയയപ്പോള്‍ വര്‍ഷങ്ങളായുള്ള കടത്തുതോണിക്കാരന്‍ പുട്ടണ്ണ അവിടെതന്നെയുണ്ട്.കൂട്ടം കൂട്ടമായെത്തുന്ന ഗ്രാമവാസികളെ മറുകര കടത്തലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജോലി.പുട്ടണ്ണ പറയും ഓരോ മഴക്കാലത്തും ഇങ്ങ് വയനാട്ടില്‍ പെയ്ത മഴയുടെ കണക്ക്.കാറ്റിനെയും ചെറുത്ത് ഒ#ാളങ്ങളെ കീറിമുറിച്ച് കൊട്ടത്തോണി അക്കരെയെത്തുമ്പോള്‍ മീന്‍ വില്‍ക്കുന്നവരുടെ ബഹളം.ഡാമില്‍ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങള്‍ക്ക് നന്നെ വിലക്കുറവ്.പുറമെ നിന്നും ഇവിടെ വന്നവര്‍ തിക്കി തിരക്കി വന്ന് മീനെല്ലാം കാലിയാക്കി.ചൂടുകാലമായതിനാല്‍ ടൂറിസ്റ്റുഖല്‍ കുറവാണ് കബനീ തീരത്ത്.


കോട്ടേജുകളെല്ലാം പകുതിയും ഒഴിവാണ്.പക്ഷേ അണക്കെട്ടിന്റെ തീരത്ത് കാട്ടാനകളുടെ വലിയ കൂട്ടങ്ങളുണ്ട്.പകല്‍ മുഴുവന്‍ ഉഷ്ണം അകറ്റാന്‍ വെള്ളത്തിലിറങ്ങി നീന്തുന്ന കാട്ടാനകളെ കാണണമെങ്കില്‍ ഇവിടെ തന്നെ വരണം.ചെഞ്ചായം വിതറി ചൂര്യന്‍ പടിഞ്ഞാറന്‍ കാട്ടിലേക്ക് മറഞ്ഞു തുടങ്ങിയപ്പോള്‍ മടക്കയാത്ര.വൈകീട്ട് ആറുമണിക്ക് ബാവലിയിലെ ചെക്ക് പോസ്റ്റ് അടയ്ക്കും.അതിനു മുമ്പ് അവിടെയെത്തണം.കാടിനുള്ളിലൂടെ ഹമ്പുകള്‍ ചാടിച്ച് യാത്രക്ക് വേഗമേറി.കാട്ടിമൃഗങ്ങള്‍ വരിവരിയായി നീങ്ങുന്ന കാഴ്ച മുന്നിലുണ്ട്.എന്നാല്‍ ക്യാമറയിലേക്ക് പകര്‍ത്താന്‍ പോലും, മയം തികയില്ല.രാത്രിയാത്ര നിരോധനം ഇവിടെ വൈകീട്ട് തന്നെ തുടങ്ങുമെന്ന് ഇവിടെയെത്തിയപ്പോള്‍ അറിഞ്ഞവരും വാഹനത്തില്‍ പിന്നാലെയുണ്ട്.കൃത്യസമയത്ത് ബാവലിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പച്ചിന്റെയും കുളിരിന്റെയും നനുത്ത കാഴ്ചകള്‍ കണ്ണിലേക്ക് ആശ്വാസത്തിന്റെ കിരണങ്ങളെത്തിച്ചു.തെറ്റ് റോഡ് പിന്നിട്ട് മാനന്തവാടിവഴി കൂടണയുമ്പോള്‍ ഒരു അവധിക്കാലത്തെ വേനല്‍ക്കാലക്കാഴ്ചകള്‍ ഓര്‍മ്മയില്‍ ഒരുപാട് ചിത്രങ്ങള്‍ തുന്നി.വേനല്‍മഴ മാനത്തെക്കറുപ്പിച്ച് ഇടിയും മിന്നലുമായി എത്തിയപ്പോള്‍ ഒന്നുമാത്രം മനസ്സിലാഗ്രഹിച്ചു.ആ കാടുകളില്‍ ഈ മഴ ഒന്നുപെയ്തിരുന്നെങ്കില്‍...

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...