A Malayalam Blog to share E-news, Informative and Entertaining Articles, Contents,Videos,etc with you

BREAKING

Friday 9 June 2017

ഹേയ്, ഒരു കൈ നട്സ് കഴിച്ചോളൂ, ഗുണങ്ങൾ പലതാണ്!

അണ്ടിപ്പരിപ്പ്, നിലക്കടല, ബദാം‌പരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകൾ പോഷകങ്ങളുടെ കലവറകളാണ്! ഒരു കൈ നിറയെ നട്സുകൾ കഴിക്കുന്നത് വൈറ്റമിനുകൾ, ധാതുക്കൾ, ആരോഗ്യദായകങ്ങളായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ നല്ലൊരു ഡോസ് നൽകും. ഇവ നിങ്ങളുടെ ഹൃദയം, തലച്ചോർ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്നതിനു സഹായിക്കുകയും ചെയ്യും.നട്സ് കഴിക്കുന്നതിലൂടെ ലഭ്യമാക്കാൻ കഴിയുന്ന അഞ്ച് പോഷകങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്;
ആരോഗ്യദായകങ്ങളായ കൊഴുപ്പുകൾ (Healthy fats)
നട്സുകളിൽ ആരോഗ്യദായകങ്ങളായ മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. കോശജ്വലനത്തെ (ഇൻഫ്ളമേഷൻ) നിയന്ത്രിക്കുന്നതിനും ഓരോ ശരീരകോശങ്ങളുടെയും സ്വാഭാവിക ഘടന നിലനിർത്തുന്നതിനും ഈ കൊഴുപ്പുകൾ സഹായിക്കുന്നു.
നാരുകൾ (Fibres)
നാരുകളുടെ നല്ലൊരു സ്രോതസ്സാണ് നട്സുകൾ. നാരുകൾ ദഹനത്തെ സാവധാനത്തിലാക്കുന്നതിനാൽ കൂടുതൽ സമയം വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ കാരണമാകും. ഇത് ആഹാരത്തോടുള്ള അമിതാസക്തി കുറയ്ക്കുകയും കാലക്രമേണ ഭാരം കുറയാൻ സഹായിക്കുകയും ചെയ്യും. നാരുകൾ പൊട്ടിപ്പോകുകയില്ല. അതിനാൽ, ദഹന നാളിയിലൂടെ കടന്നുപോകുന്ന ഇവ ശരിയായ മലശോധനയ്ക്കും സഹായകമാവുന്നു. ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ വലിച്ചെടുക്കുന്നതു കുറയ്ക്കുന്നതിനും നാരുകൾ സഹായിക്കുന്നു.
പ്രോട്ടീനുകൾ (Proteins)


വാൾനട്ടിൽ 10 ശതമാനവും ബദാം‌പരിപ്പിൽ 17 ശതമാനവും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. നട്സുകളിൽ മിക്കതിലും എൽ-അർജിനൈൻ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നു. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും അവ കൂടുതൽ അയവുള്ളതാക്കുന്നതിനും ഇവ സഹായിക്കുന്നു. അർജിനൈൻ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. മുറിവുകൾ വേഗത്തിൽ സുഖപ്പെടുന്നതിനും ഹൃദ്രോഗമുള്ളവർക്ക് രോഗനിയന്ത്രണത്തിനും ഇത് സഹായിക്കുന്നു. അർജിനൈൻ ലഭ്യമാക്കുന്നതിനുള്ള പ്രധാന സ്രോതസ്സാണ് നട്സുകൾ. ബദാം പരിപ്പ്, വാൾനട്ട്, നിലക്കടല എന്നിവയിൽ അർജിനൈൻ ധാരാളം അടങ്ങിയിരിക്കുന്നു.
വൈറ്റമിൻ ഇ (Vitamin E)
വൈറ്റമിൻ ഇ യുടെ വളരെ നല്ല ഒരു സ്രോതസ്സാണ് നട്സുകൾ. കൊഴുപ്പിനെ അലിയിക്കുന്ന ഈ വൈറ്റമിൻ ശക്തിയേറിയ ഒരു നിരോക്സീകാരിയാണ്. ഫ്രീ റാഡിക്കലുകൾ നമ്മുടെ ശരീരത്തിൽ തകരാറുകൾ സൃഷ്ടിക്കാതെ ഇവ പ്രതിരോധമുയർത്തുന്നു. ചർമ്മ ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും മെറ്റാബോളിക് പ്രവർത്തനങ്ങൾക്കും വൈറ്റമിൻ ഇ നല്ലതാണ്. രക്തക്കുഴലുകളിൽ പ്ളേഖുകൾ രൂപെപ്പെടുന്നത് തടയാൻ വൈറ്റമിൻ ഇ യ്ക്ക് കഴിയും. ഇത്തരത്തിൽ പ്ളേഖുകൾ അടിഞ്ഞുകൂടുന്നത് ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന കൊറോണറി ആർട്ടറി ഡിസീസിന് കാരണമാവും. ബദാം പരിപ്പ്, നിലക്കടല, ചെമ്പങ്കായ (ഹാസെൽനട്സ്) എന്നിവ വൈറ്റമിൻ ഇ യുടെ മികച്ച സ്രോതസ്സുകളാണ്.
ധാതുക്കൾ (Minerals)
മാംഗനീസ്, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, സെലിനിയം എന്നീ ധാതുക്കളുടെയും മികച്ച സ്രോതസ്സാണ് നട്സുകൾ. മാംഗനീസ് എൻസൈമുകളുമായി ചേർന്ന് ഫ്രീ റാഡിക്കലുകളെ നിർമാർജനം ചെയ്യാൻ സഹായിക്കുന്നു. ഹൃദയമിടിപ്പിന്റെ നിരക്കും രക്തസമ്മർദവും നിയന്ത്രിക്കുന്ന പൊട്ടാസ്യം ശരീരദ്രവങ്ങളുടെ പ്രധാന ഘടകമാണ്. രക്താണുക്കളുടെ ഉത്പാദനത്തിന് ചെമ്പ് അത്യാവശ്യമാണ്. രക്തത്തിന് ഓക്സിജൻ വഹിച്ചുകൊണ്ടുപോകുന്നതിന് ഇരുമ്പിന്റെ സഹായം അത്യാവശ്യമാണ്.
ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം നിങ്ങളുടെ മനസ്സിൽ ഉയർന്നേക്കാം; ആരോഗ്യപരമായ പരമാവധി ഗുണങ്ങൾ ലഭിക്കാൻ എത്രത്തോളം നട്സ് കഴിക്കണം?
നട്സിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അവ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങൾ ആണെങ്കിലും ധാരാളം കാലറി അടങ്ങിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. അതിനാൽ മിതമായ തോതിൽ മാത്രം നട്സുകൾ കഴിക്കുക. ഇറച്ചി, മുട്ട, പാൽ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന പൂരിതകൊഴുപ്പുകൾക്ക് പകരമായി നട്സ് കഴിക്കാവുന്നതാണ്.
ഒരാൾ ദിവസേന 30 ഗ്രാം ബദാം പരിപ്പ് കഴിക്കുന്നത് നന്നായിരിക്കും. അതായത്, 20-23 എണ്ണം. അണ്ടിപ്പരിപ്പ് ആണെങ്കിൽ 15-18 എണ്ണവും ചെമ്പങ്കായ ആണെങ്കിൽ 18-20 എണ്ണവും വാൾനട്ട് ആണെങ്കിൽ 9-11 എണ്ണവും കഴിക്കാമെന്ന് ശുപാർശചെയ്യപ്പെടുന്നു. ഇവയെല്ലാം കൂടിയാണെങ്കിൽ ഏകദേശം ഒരു കൈ നിറയെ മാത്രം കഴിക്കാം.
നട്സ് കഴിക്കുകയും പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നും ലഭിക്കില്ല എന്നകാര്യം മറക്കരുത്. നിങ്ങൾക്ക് ഏതെങ്കിലും നട്ടിനോട് അലർജിയുണ്ടോ എന്നും മനസ്സിലാക്കേണ്ടതാണ്.

No comments:

Post a Comment

Featured post

ടേക്കെടുക്കാന്‍ മോഹൻലാലിന് നാണം; വിടാൻ ഭാവമില്ലാതെ സത്യൻ അന്തിക്കാട്

സിനിമാലോകത്ത് മോഹന്‍ലാലിന്റെ പ്രായം നാലുപതിറ്റാണ്ടിനോടടുക്കുമ്പോഴും ലാല്‍ ഒട്ടും ചെറുതായിട്ടില്ല ചെ റുപ്പം എന്നാണ് സത്യന്‍ അന്തിക്കാടിന്...